Friday, July 10, 2009

രോഹിണി

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില്‍ പ്രസിദ്ധമായ ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന്‌ വൈകല്യമോ രോഗമോ വരാന്‍ സാധ്യതയുണ്ട്‌. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായ താല്‍പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌. ഏറ്റെടുക്കുന്ന ജോലിയില്‍ ഇവര്‍ തങ്ങളുടെ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്നു. മാതാവുമായി ഇവര്‍ക്ക്‌ നല്ല ബന്ധമായിരിക്കും. സ്നേഹം, വാത്സല്യം, ദയ, പരോപകാര പ്രവണത, മുഖശ്രീ എന്നിവ ഇവരുടെ ഗുണങ്ങളാണ്‌. രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ സ്ത്രീസഹജമായ ഗുണങ്ങളുടെ വിളനിലമായിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ : തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം).അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ : രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള്‍ ഇവര്‍ക്ക്‌ പൊതുവെ അശുഭമായിരിക്കും. ഇക്കാലത്ത്‌ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. രോഹിണി നക്ഷത്രജാതര്‍ പതിവായി ചന്ദ്രനെയും ചന്ദ്രന്റെ ദേവതകളെയുമാണ്‌ ഭജിക്കേണ്ടത്‌. ചന്ദ്രപ്രീതികരങ്ങളായ മന്ത്രങ്ങള്‍, സ്തോത്രങ്ങള്‍ എന്നിവ ജപിക്കുക, തിങ്കളാഴ്ചവ്രതമനുഷ്ഠിക്കുക എന്നിവയൊക്കെ ഉത്തമമാണ്‌.
തിങ്കളാഴ്ചയും രോഹിണി നക്ഷത്രവും പൗര്‍ണമിയും രോഹിണി നക്ഷത്രവും എന്നിങ്ങനെയുള്ള ദിവസങ്ങള്‍ വന്നാല്‍ അന്ന്‌ വ്രതമനുഷ്ഠിക്കുകയും ചന്ദ്രപൂജ നടത്തുകയും ചെയ്യാം. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുള്ളവര്‍ ദുര്‍ഗ്ഗാദേവീഭജനം, ക്ഷേത്രദര്‍ശനം എന്നിവയും നടത്തണം. പൗര്‍ണമിനാളില്‍ ദുര്‍ഗ്ഗാക്ഷേത്രദര്‍ശനവും അമാവാസി നാളില്‍ ഭദ്രകാളീക്ഷേത്രദര്‍ശനവും ചെയ്യാം.
രോഹിണി നക്ഷത്രക്കാര്‍ക്ക്‌ അഭികാമ്യമായ നിറങ്ങള്‍ വെള്ള, ചന്ദനനിറം തുടങ്ങിയവയാണ്‌. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ അഭികാമ്യമാണ്‌. രോഹിണി നക്ഷത്രത്തിന്റെ ദേവത ബ്രഹ്മാവാണ്‌.മന്ത്രങ്ങള്‍: താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിനു നല്ലത്‌.1. ഓം ബ്രഹ്മയജ്ഞാനം പ്രഥമം പുരസ്താദ്വിസീമതഃസുരുചോ വേന ആവഃസുബുധ്ന്യാ ഉപമാ അസ്യവിഷ്ഠാ സതശ്രയോനിമസതശ്ര വിവഃ2. ഓം ബ്രഹ്മണേ നമഃനക്ഷത്രമൃഗം-പാമ്പ്‌, വൃക്ഷം-ഞ്ഞാവല്‍, ഗണം-മാനുഷ, യോനി-സ്ത്രീ, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment