Friday, July 10, 2009

മൂലം

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ അഭിമാനികളും സമൂഹത്തില്‍ ബഹുമാന്യതയുള്ളവരും ധനികരുമായിരിക്കും. ഇവര്‍ സൗമ്യമായും ശാന്തമായും പെരുമാറുമെങ്കിലും ചിലപ്പോള്‍ അസ്ഥിരചിത്തരുമായിരിക്കും. സുഖലോലുപത, വ്യയശീലം, സ്വതന്ത്രബുദ്ധി, കര്‍മകുശലത തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. സമാധാനപ്രിയരായ ഇവര്‍ ആത്മീയമായ തലത്തില്‍ ചിന്തിക്കുന്നവരും ആയിരിക്കും. സത്യധര്‍മാദികളില്‍ നിഷ്ഠ, ദൈവവിശ്വാസം, പരോപകാരതാല്‍പര്യം, ഭൂതദയ തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്‌. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യതയുള്ള ഇവരുടെ ജീവിതം പൊതുവെ ഭാഗ്യമുള്ളതായിരിക്കും. തന്റേടവും നേതൃത്വഗുണവുമുള്ള ഇവര്‍ ദൃഢനിശ്ചയത്തോടെ ജീവിതത്തില്‍ മുന്നേറുന്നു. മതപരമായ അനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ നിര്‍വഹിക്കാനും നിയമാനുസാരിയായി ജീവിക്കാനുമാണ്‌ ഇവര്‍ക്ക്‌ താല്‍പര്യം. പിതാവില്‍നിന്ന്‌ ഇവര്‍ക്ക്‌ വലുതായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ചിലപ്പോള്‍ ഇവര്‍ക്ക്‌ ആരോഗ്യപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ നക്ഷത്രത്തില്‍ സ്ത്രീകള്‍ ജനിക്കുന്നത്‌ അത്ര ശുഭമല്ല. ഭര്‍ത്താവിനെ വകവെക്കാതെ പെരുമാറുന്ന ഇവര്‍ക്ക്‌ ദാമ്പത്യം ക്ലേശകരമായിരിക്കും. അണിഞ്ഞൊരുങ്ങി നടക്കുന്നതില്‍ ഇവര്‍ക്ക്‌ താല്‍പര്യം കൂടും.പ്രതികൂല നക്ഷത്രങ്ങള്‍ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, പുണര്‍തം അവസാന പാദം, പൂയം, ആയില്യം.അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍സൂര്യന്‍, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള്‍ ഇവര്‍ വിധിപ്രകാരം ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. മൂലം, അശ്വതി, മകം എന്നീ നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനവും മറ്റു പുണ്യകര്‍മങ്ങളും നടത്തണം. ഇവര്‍ പതിവായി ഗണപതിയെ ഭജിക്കുന്നതും മൂലം നക്ഷത്രം തോറും ഗണപതിഹോമവും നടത്തുന്നതും ഉത്തമമാണ്‌. കേതുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും പതിവായി അനുഷ്ഠിക്കണം. രാശ്യാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നത്‌ നന്നായിരിക്കും. മൂലം നക്ഷത്രവും വ്യാഴാഴ്ചയും ചേര്‍ന്നുവരുന്ന ദിവസം വിഷ്ണുക്ഷേത്രദര്‍ശനം നടത്തുന്നത്‌ ഉത്തമമാണ്‌. പതിവായി വിഷ്ണുസഹസ്രനാമജപവും അഭികാമ്യം. ചുവപ്പ്‌, മഞ്ഞ എന്നീ നിറങ്ങള്‍ അനുകൂലം.മൂലം നക്ഷത്രദേവത നിര്യതിയാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കുക1. ഓം മാതേവ പുത്രം പൃഥ്വി പുരീഷ്യമഗ്നി സ്വേയോനാവഭാരുഖാ താം വിശ്വ ഋതുഭിഃസംവദാനപ്രജാപതിര്‍ വിശ്വകര്‍മാ വിമുഞ്ചതു2. ഓം നിര്യതയേ നമഃനക്ഷത്രമൃഗം - ശ്വാവ്‌, വൃക്ഷം - പയിന, ഗണം - അസുരം, യോനി - പുരുഷം, പക്ഷി - കോഴി, ഭൂതം - വായു.
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment