Friday, July 10, 2009

പൂയം

എപ്പോഴും പ്രസന്നതയും സന്തോഷവും പൂയം നക്ഷത്രജാതരുടെ ലക്ഷണങ്ങളാണ്‌. എന്നാല്‍ നിസ്സാരകാര്യങ്ങള്‍ക്കുപോലും ഇവര്‍ കോപിക്കുകയും ചെയ്യും. വാക്സാമര്‍ത്ഥ്യം, കര്‍മകുശലത, പൊതുവിജ്ഞാനം എന്നിവയും ഇവര്‍ക്കുണ്ടായിരിക്കും. ഒരു നിശ്ചിത കാര്യത്തിനുവേണ്ടി കഠിനമായി പ്രയത്നിക്കാന്‍ ഇവര്‍ക്കു കഴിയുന്നു.പരാജയങ്ങള്‍ ഇവരെ നിരാശപ്പെടുത്തുന്നുമില്ല. എങ്കിലും മനസ്സിന്റെ ചാഞ്ചല്യം ഇവരുടെ ഒരു പ്രത്യേകതയാണ്‌. പെട്ടെന്നായിരിക്കും ഇവര്‍ അസ്വസ്ഥരാകുന്നത്‌. ഇവരുടെ ബാല്യകാലം ചിലപ്പോള്‍ ക്ലേശകരമായിരിക്കും. വീടിനോടും കുടുംബത്തോടും ഒന്നിച്ചുകഴിയാന്‍ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഔദ്യോഗിക വിദ്യാഭ്യാസം നേടിയവരേക്കാള്‍ ലോക പരിജ്ഞാനം ഇവര്‍ക്കുണ്ടായിരിക്കും. രോഗബാധക്കു കൂടുതല്‍ സാധ്യതകളുള്ള ശരീരപ്രകൃതിയായിരിക്കും. പൂയം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക്‌ പലപ്പോഴും ദാമ്പത്യസുഖം ലഭിക്കാറില്ല. പല ക്ലേശങ്ങളും അവര്‍ക്ക്‌ അനുഭവിക്കേണ്ടിവരുന്നു.പ്രതികൂല നക്ഷത്രങ്ങള്‍മകം, ഉത്രം, ചിത്തിര, കുംഭക്കൂറില്‍പ്പെട്ട അവിട്ടം 1/2, ചതയം, പൂരുരുട്ടാതി (3/4).അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍കേതു, സൂര്യന്‍, ചൊവ്വ എന്നീ ദശാകാലങ്ങളില്‍ ഇവര്‍ വിധിപ്രകാരം പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രങ്ങളില്‍ ക്ഷേത്രദര്‍ശനം തുടങ്ങി പുണ്യകര്‍മങ്ങള്‍ക്ക്‌ ഉത്തമം. ശനിയെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ നിത്യവും അനുഷ്ഠിക്കുന്നതു നന്നായിരിക്കും. പൂയവും ശനിയാഴ്ചയും ഒത്തുവരുന്ന ദിവസങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ പരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കുക. ഈ ദിവസം ശനീശ്വരപൂജ, ശാസ്താക്ഷേത്ര ദര്‍ശനം, വ്രതാനുഷ്ഠാനം എന്നിവയ്ക്ക്‌ ഉത്തമം. രാശ്യാധിപനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കേണ്ടതുണ്ട്‌. പൗര്‍ണമിനാള്‍തോറും പ്രത്യേകിച്ച്‌ മകരത്തിലെ പൗര്‍ണമിയില്‍, ദുര്‍ഗ്ഗാപൂജ നടത്തുന്നത്‌ ഐശ്വര്യപ്രദമായിരിക്കും. ശനിപ്രീതികരമായ കറുത്തതും നീലയുമായ വസ്ത്രങ്ങള്‍, ചന്ദ്രപ്രീതികരമായ വെളുത്ത വസ്ത്രങ്ങള്‍ എന്നിവ ഇവര്‍ക്ക്‌ അനുകൂലമാണ്‌. ശനിയാഴ്ചകളില്‍ ഇവര്‍ അരയാല്‍ പ്രദക്ഷിണം നടത്തുന്നതും ഐശ്വര്യപ്രദമാണ്‌.
നക്ഷത്രമൃഗം-ആട്‌, വൃക്ഷം-അരയാല്‍, ഗണം-ദേവം, യോനി-പുരുഷം, പക്ഷി-ചകോരം, ഭൂതം-ജലം.പൂയം നക്ഷത്രത്തിന്റെ ദേവത ബൃഹസ്പതിയാണ്‌.മന്ത്രങ്ങള്‍താഴെപ്പറയുന്ന മന്ത്രങ്ങള്‍ നിത്യജപത്തിന്‌ ഉത്തമം.1. ഓം ബൃഹസ്പതേ അതി യദര്യോ അര്‍ഹാദദ്യുമദ്വിഭാതി ഋതുമജ്ജനേഷുയദ്വിടയച്ഛവസ ഋതപ്രജാതദസ്മാസു ധേഹി ചിത്രം2. ഓം ബൃഹസ്പതയേ നമഃ
പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment