Friday, July 10, 2009

കാര്‍ത്തിക

ഇച്ഛാശക്തി, പ്രവര്‍ത്തന നിരത, ശരീരസുഖം എന്നിവയോടുകൂടിയവരായിരിക്കും ഈ നക്ഷത്രക്കാര്‍. ഇവര്‍ക്ക്‌ സഹോദരന്മാര്‍ കുറവോ അവര്‍ക്കു നാശമോ വരാം. സംഭാഷണപ്രിയത, പ്രസിദ്ധി, കലാനിപുണത, ആഡംബരപ്രിയത്വം, ദാമ്പത്യസുഖം എന്നിവ ഇവരുടെ പ്രത്യേകതകളാണ്‌.
ഇവര്‍ക്ക്‌ പിതൃഭാഗ്യം കുറവായിരിക്കും. പലപ്പോഴും ഇവര്‍ നിര്‍ബന്ധബുദ്ധിയും കോപവും പ്രകടിപ്പിക്കാറുണ്ട്‌. തന്നെ വിമര്‍ശിക്കുന്നവരോട്‌ ഇവര്‍ ചിലപ്പോള്‍ ശത്രുതയോടെ പെരുമാറുന്നു. എരിവ്‌, പുളി തുടങ്ങിയ രസങ്ങളോട്‌ ഇവര്‍ക്ക്‌ താല്‍പര്യം കൂടും. കാര്‍ത്തിക ഒന്നാം പാദം മേടം രാശിയിലും ബാക്കി മൂന്നു പാദങ്ങള്‍ ഇടവരാശിയിലുമായി വ്യാപിച്ചിരിക്കുന്നു. കാര്‍ത്തിക ഒന്നാം പാദത്തില്‍ ജനിച്ചവര്‍ക്ക്‌ അല്‍പം തീഷ്ണസ്വഭാവം കൂടുതല്‍ കാണും. ഇടവക്കൂറില്‍ കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക്‌ ആഡംബര പ്രിയത്വം ഏറിയുമിരിക്കും.പ്രതികൂല നക്ഷത്രങ്ങള്‍ : മകയിരം, പുണര്‍തം, ആയില്യം, കാര്‍ത്തിക മേടക്കൂറിന്‌-വിശാഖം നാലാം പാദം, അനിഴം, കേട്ട എന്നിവയും കാര്‍ത്തിക ഇടവക്കൂറിന്‌-മൂലം, പൂരാടം, ഉത്രാടം ആദ്യപാദം എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്‌.
അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ : കുജദശ, വ്യാഴദശ, ബുധദശ എന്നിവയില്‍ ഇവര്‍ പ്രത്യേകമായി, വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കണം. കാര്‍ത്തിക നക്ഷത്രജാതര്‍ പതിവായി സൂര്യനെയും ശിവനെയും ഭജിക്കുന്നത്‌ ഉത്തമമാണ്‌. കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ ദിനങ്ങളില്‍ സൂര്യഭജനം, ശിവക്ഷേത്ര ദര്‍ശനം തുടങ്ങിയവ അനുഷ്ഠിക്കുക. കാര്‍ത്തികയും ഞായറാഴ്ചയും ഒത്തുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ്‌ ദോഷപരിഹാരകര്‍മങ്ങള്‍ എന്നിവ അനുഷ്ഠിക്കണം.
ആദിത്യഹൃദയം പതിവായി ജപിക്കുന്നതും ഉത്തമമാണ്‌. ഇക്കൂട്ടര്‍ നിത്യവും രാവിലെ അല്‍പനേരം ആദിത്യപ്രാര്‍ത്ഥനയോടെ വെയിലേല്‍ക്കുന്നതു നല്ലതാണ്‌. കഴിയുന്നതും പകലുറക്കവും ഇവര്‍ ഒഴിവാക്കുക. കാര്‍ത്തിക മേടക്കൂറുകാര്‍ കുജപ്രീതികര്‍മങ്ങളും ഇടവക്കൂറുകാര്‍ ശുകപ്രീതി കര്‍മങ്ങളും അനുഷ്ഠിക്കുന്നതും അഭികാമ്യമാണ്‌. കാര്‍ത്തിക നക്ഷത്രക്കാര്‍ ചുവപ്പ്‌, കാവി തുടങ്ങിയ നിറങ്ങള്‍ ധരിക്കുന്നത്‌ നന്നായിരിക്കും.കാര്‍ത്തിക നക്ഷത്രദേവത അഗ്നിയാണ്‌.മന്ത്രങ്ങള്‍ : താഴെപ്പറയുന്ന മന്ത്രങ്ങള്‍ ഇവര്‍ നിത്യവും ജപിക്കുക.1. ഓം അഗ്നിമൂര്‍ദ്ധ്വാ ദിവഃ കകുതപ്തിഃപൃഥിവ്യാ അയംഅപാം രേതാംസി ജിന്വതി2. ഓം അഗ്നയേ നമഃനക്ഷത്രമൃഗം-ആട്‌, വൃക്ഷം-അത്തി, ഗണം-അസുരം, യോനി-സ്ത്രീ, പക്ഷി-പുള്ള്‌, ഭൂതം-ഭൂമി.പ്രതികൂലമായ നക്ഷത്രങ്ങളില്‍ ശുഭകര്‍മങ്ങള്‍ ഒഴിവാക്കേണ്ടതാണ്‌. ആ നക്ഷത്രത്തില്‍പ്പെട്ടവരുമായി കൂട്ടുപ്രവര്‍ത്തനങ്ങള്‍, അവരെ കണികാണല്‍, അവര്‍ക്കുവേണ്ടി ജാമ്യം നില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്‌.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന്‍ പാടില്ല. അവയെ പരിരക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത്‌ ആയുര്‍വര്‍ദ്ധനകരവുമാണ്‌. നക്ഷത്രവൃക്ഷത്തെ നട്ടുവളര്‍ത്തുന്നതും ഐശ്വര്യപ്രദമാണ്‌.

No comments:

Post a Comment