Friday, July 10, 2009

ചെട്ടികുളങ്ങര ദേവിക്ഷേത്രം

chettikulangara-ed

മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക് എന്നിവ ഉള്‍പ്പെടുന്ന പ്രദേശം പൊതുവേ ഓണാട്ടുകര എന്നപേരിലാണ് അറിയപ്പെടുന്നത്. ഈ കരയുടെ ഭാഗമായ ചെട്ടിക്കുളങ്ങരയിലാണ് സര്‍വ്വൈശ്വര്യസ്വരൂപിണിയും, സര്‍വ്വദുഃഖനിവാരിണിയുമായ ചെട്ടിക്കുളങ്ങര അമ്മ വാണരുളുന്നത്. ഭദ്രകാളിയുടേതാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയെങ്കിലും പ്രഭാതത്തില്‍ ദേവി സരസ്വതിയായും മധ്യാഹ്നത്തില്‍ മഹാലക്ഷ്മിയായും സായംസന്ധ്യയില്‍ ദുര്‍ഗ്ഗയായും വിരാജിക്കുന്നു. ഗണപതി, ബാലകന്‍, യക്ഷി, മൂര്‍ത്തി, നാഗരാജാവ് എന്നിവരാണ് ഉപദേവതമാര്‍. എല്ലാ മതക്കാര്‍ക്കും ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശനം ഉണ്ടെന്നതാണ് ഒരു പ്രധാന പ്രത്യേകത. നാലമ്പലത്തിന്‍റെ വാതിലുകളും ക്ഷേത്രത്തിന്‍റെ kuthi-edചുവരുകളും മനോഹരമായ ശില്‍പ്പങ്ങള്‍കൊണ്ട് അലങ്കൃതമാണ്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌, ചെട്ടിക്കുളങ്ങരയിലുള്ള കുറച്ച്‌ പ്രമാണിമാര്‍ തൊട്ടടുത്തുള്ള കോയ്പ്പള്ളിക്കാരാഴ്മ ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കാണുവാന്‍ പോയി. എന്നാല്‍ അവിടെയെത്തിയ അധികാരികള്‍ക്ക്‌ കോയ്പ്പള്ളി അമ്പലഭരണക്കാരില്‍നിന്നും പരിഹാസമാണ്‌ കിട്ടിയത്‌. ഈ അപമാനത്തില്‍ മനംനൊന്ത പ്രമാണിമാര്‍ ചെട്ടിക്കുളങ്ങരയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച്‌ തീരുമാനിച്ചു. ഇതിനുവേണ്ടി കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്തിനായി അവര്‍ പ്രാര്‍ത്ഥിക്കുകയും അവിടേക്ക്‌ പോകുവാനും തീരുമാനിച്ചു. അവര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തി 12 ദിവസത്തെ ഭജനം അനുഷ്ഠിച്ചു. ഇതിനിടെ, താന്‍ ചെട്ടിക്കുളങ്ങരയിലേയ്ക്ക്‌ വരികയാണെന്ന്‌ ഭജനത്തിനെത്തിയ പലര്‍ക്കും അമ്മയുടെ സ്വപ്നദര്‍ശനമുണ്ടായി. അടുത്ത ദിവസം അവര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാട്‌ നല്‍കിയ പവിത്രമായ വാളുമായി ചെട്ടിക്കുളങ്ങരയിലെത്തി ക്ഷേത്രനിര്‍മ്മിതിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി.chetti-ed
കുറച്ചു ദിവസങ്ങള്‍ക്കുശേഷം, കരീപ്പുഴ നദിയില്‍ രാത്രിയില്‍ കടത്തുപണിയിലേര്‍പ്പെട്ടിരുന്ന വഞ്ചിക്കാരന്‌ എവിടെനിന്നാണെന്ന്‌ അറിയില്ല ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുവാനിടയായി. നോക്കിയപ്പോള്‍ ഒരു പ്രായംചെന്ന സ്ത്രീ തന്നെ അക്കരയ്ക്കു കടത്തിത്തരണമെന്ന്‌ ചോദിക്കുന്നു. അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക്‌ ഒരു സ്ത്രീ സഹായം ചോദിച്ചപ്പോള്‍ കടത്തുകാരനു മനസ്സലിവുവന്നു. വഞ്ചിക്കാരന്‍ അവരെ അക്കരയ്ക്കു കടത്തിവിട്ടതിനുശേഷം ചെട്ടിക്കുളങ്ങരവരെ അനുഗമിച്ചു. യാത്രയ്ക്കിടെ അവര്‍ ഒരു മരത്തിന്റെ കീഴില്‍ വിശ്രമിച്ചു (ഇപ്പോള്‍ ഈ സ്ഥലത്ത് പുതുശ്ശേരിയമ്പലം ക്ഷേത്രം സ്ഥിതിചെയ്യുന്നു). കടത്തുകാരന്‍ സമീപംകണ്ട ഗൃഹത്തില്‍നിന്ന്‌ ഭക്ഷണം വാങ്ങികൊണ്ടുവന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ കടത്തുകാരന്‍ താനേ ഉറക്കത്തിലായി. പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ തലേന്നു രാത്രികണ്ട വൃദ്ധയെ അവിടെയെങ്ങും കാണുവാന് അദ്ദേഹത്തിനു കഴിഞ്ഞില്ല. ആ കടത്തുകാരന്‍ ഈ രഹസ്യം നാട്ടുകാരോടു പറഞ്ഞു.
അന്നേദിവസം ഉച്ചയ്ക്ക്, ഇപ്പോള്‍ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തിനടുത്തുള്ള ബ്രാഹ്മണഗൃഹത്തിന്റെ മേച്ചില്പണി നടന്നുകൊണ്ടിരിക്കുന്ന ഉച്ചഭക്ഷണസമയത്ത് എവിടെനിന്നോ അജ്ഞാതയായ ഒരു വൃദ്ധയെത്തി കഞ്ഞിയും മുതിരപ്പുഴുക്കും വാങ്ങി അപ്രത്യക്ഷയായി. ഇതേത്തുടര്‍ന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നംവച്ചുനോക്കിയപ്പോള്‍ ദേവിയുടെ ആഗമനത്തിന്റെ സൂചനകള്‍ പ്രശ്നത്തില്‍ തെളിഞ്ഞുകണ്ടു. തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്ന് ക്ഷേത്രം പണിയിച്ചു ദേവിയെ അവിടെ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം.
കരകള്‍ചെട്ടിക്കുളങ്ങരയില്‍ 13 കരകളാണുള്ളത്‌. ഈരേഴ തെക്ക്‌, ഈരേഴ വടക്ക്‌, കൈത തെക്ക്‌, കൈത വടക്ക്‌, കണ്ണമംഗലം തെക്ക്‌, കണ്ണമംഗലം വടക്ക്‌, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്‌, മറ്റം തെക്ക്‌, മേനാമ്പള്ളി, നടൈക്കാവ്‌.
വഴിപാടുകള്‍കുങ്കുമാര്‍ച്ചന, രക്തപുഷ്പാഞ്ജലി, പന്തിരുനാഴി, ഭഗവതി സേവ, വിവിധ തരത്തിലുള്ള പായസങ്ങള്‍, നിറമാലയും വിളക്കും, ചാന്താട്ടം, ഉടയാട, ആലുവിളക്ക്‌ തെളിയിക്കല്‍, അര്‍ച്ചന തുടങ്ങിയവ ഇവിടുത്തെ പ്രധാനവഴിപാടുകളാണ്‌.
വൃശ്ചികമാസത്തിലെ ഭരണി മുതല്‍ ചെട്ടികുളങ്ങരയില്‍ ഉത്സവ കാലം തുടങ്ങുകയായി. വൃശ്ഛിക ഭരണിക്ക് വിഗ്രഹം കൈവെള്ളയില്‍ ഏന്തിയാണ് എഴുന്നള്ളത്ത്. എന്നാല്‍ ധനുമാസം മുതല്‍ മീനത്തിലെ അശ്വതി വരെ തോളില്‍ ഏറ്റി നടക്കാവുന്ന ജീവതയില്‍ ആണ് വിഗ്രഹം എഴുന്നള്ളിക്കുക. പൂയം മുതല്‍ പറയ്ക്കെഴുന്നള്ളിപ്പാണ്. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം തെക്ക്, മറ്റം വടക്ക്, മേനാംപള്ളി, നടൈക്കാവ് എന്നീ പതിമൂന്ന് കരകളില്‍ നിന്നാണ് പറയെടുപ്പ്.
കെട്ടുകാഴ്ചനയനമനോഹരങ്ങളായ കെട്ടുകാഴ്ചകളാണ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഒരു പ്രത്യേകത. 13 കെട്ടുകാഴ്ചകളാണുള്ളത്. 13 കരക്കാരുടെ പരദേവതയാണ് ചെട്ടിക്കുളങ്ങര അമ്മ. ഓരോ കരക്കാരും കുംഭഭരണിക്ക് കെട്ടുകാഴ്ചകള്‍ സമര്‍പ്പിക്കുന്നു. ചക്രങ്ങളുടെ മുകളില്‍ അച്ചുതടിയും ചിറകുതടിയും പിടിപ്പിച്ച് രണ്ടു തട്ടുകളും അഞ്ചു മുതല്‍ എട്ടുവരെ നിലകളും ഭംഗിയായി നിര്‍്മ്മിക്കുന്ന കെട്ടുകാഴ്ചയാണ് തേര്. അച്ചുതണ്ടിലാണ് തേരിന്റെ നിയന്ത്രണം. അച്ചുതണ്ടില്‍ രണ്ടുവടങ്ങള്‍ കെട്ടി ആളുകള്‍ വലിച്ചാണ് തേരിനെ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്നത്. അടിത്തട്ടുകള്‍ തടിയിലും മുകളിലേയ്ക്കുള്ള തട്ടുകള്‍ അലകും മുളയുംകൊണ്ടുമാണ് നിര്‍ര്മ്മിച്ചിരിക്കുന്നത്. സാധാരണ 40 മുതല്‍ 75 അടിവരെ തേരിനു പൊക്കമുണ്ടാകും.
മൂന്നുചാരുതട്ടുകളും 23 ഇടത്തട്ടുകളും ചേര്‍ന്നതാണ് ഒരു കുതിരയുടെ കെട്ടുകാഴ്ച നിര്‍മ്മിച്ചിരിക്കുന്നത്. നാലു ചക്രങ്ങളില്‍ ഉറപ്പിച്ചിരിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോ തട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയില്‍ ഒരേ വലിപ്പത്തില്‍ മേല്ക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ആകൃതി. സാധാരണയായി 125 അടിയിലധികംവരെ പൊക്കം വരെയുണ്ടാകും ഒരു കുതിരയുടെ കെട്ടുകാഴ്ചയ്ക്ക്. കെട്ടുകാഴ്ചകള്‍ ക്ഷേത്രസന്നിധിയിലെത്തി ദര്‍ശനത്തിനുവച്ചശേഷം ക്രമമനുസരിച്ച് ക്ഷേത്രത്തിന്റെ മുന്നിലെ വയലുകളില്‍ അണിനിരത്തും.
കുത്തിയോട്ടംകുംഭഭരണിയിലെ ഉത്സവത്തിന് ഭക്തജനങ്ങള്‍ നടത്തുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. പ്രധാനമായും ബാലകന്മാരെയാണു ഈ ചടങ്ങിനായി നിയോഗിക്കുക. ഓരോ സംഘങ്ങളായി തിരിഞ്ഞുള്ള കുത്തിയോട്ടത്തിന് ഓരോ ആശാന്‍മാരും ഉണ്ടാകും. പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ക്കനുസരിച്ചാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ചുവടുവയ്ക്കുന്നത്. ബാലകന്മാരെ ഒരുക്കി തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസിനു മുകളില്‍ ചേര്‍ത്തു പിടിച്ച്‌ കയ്യില്‍ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടു നിര്‍മ്മിച്ച നൂല്‍ കോര്‍ക്കും. വെഞ്ചാമരം കൊണ്ടു വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ്‌ ബാലകന്മാരെ ക്ഷേത്രത്തിലേക്ക്‌ ആനയിക്കുന്നത്. ലോഹനൂല്‍ ഊരിയെടുത്ത്‌ ദേവിക്ക്‌ സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.
എത്തിച്ചേരുന്നവിധംകായംകുളം-മാവേലിക്കര റൂട്ടില്‍ കായംകുളത്തുനിന്നും 8 കി.മീ. ഉം.മാവേലിക്കര റെയില്‍‌വേ സ്റ്റേഷനില്‍ നിനിന്നും 5 കി.മീ.നങ്ങ്യാര്‍ക്കുളങ്ങരയില്‍ നിനിന്നും 10 കി.മീ. ഉം,കായംകുളം-മാവേലിക്കര റൂട്ടില്‍ തട്ടാരന്പലം ഭഗവതിക്ഷേത്രത്തില്‍ നിനിന്നും 2 കി.മീ. ഉം മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവനന്തപുരം വിമാനത്താവളവും, നെടുന്പാശ്ശേരി വിമാനത്താവളവും ഇവിടെനിന്നും ഒരുപോലെ 120 കി.മീ. മാറിയാണ് സ്ഥിതിചെയ്യുന്നത്.

No comments:

Post a Comment