Friday, July 10, 2009

ഓരോ രാശിജാതരും അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍

ഡോ. കെ. ബാലകൃഷ്ണവാര്യര്‍
മേടം
രാശിയില്‍ ജനിച്ചവര്‍ക്ക്‌ ബുധന്‍, ശനി, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങള്‍ അശുഭങ്ങളായിരിക്കും. ഈ ദശാകാലങ്ങളില്‍ വിധിപ്രകാരമുള്ള ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ബുധന്റെയും ശുക്രന്റെയും ദശാകാലങ്ങളില്‍ ശനിയുടെ അപഹാരം നടക്കുമ്പോഴും ശനിയുടെ ദശാപഹാരങ്ങളിലും മഹാമൃത്യുഞ്ജയമന്ത്രജപം, ഹോമം എന്നിവ നടത്തുന്നത്‌ ഉത്തമം.ഈ രാശിയില്‍ ജനിച്ചവര്‍ പതിവായി കുജപ്രീതികര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത്‌ ഉത്തമമാണ്‌. അംഗാരകപൂജ, ചൊവ്വാഴ്ചവ്രതം എന്നിവയും, ജാതകത്തില്‍ കുജന്‍ ഓജരാശിസ്ഥിതനെങ്കില്‍ സുബ്രഹ്മണ്യ ഭജനവും യഗ്മ രാശിസ്ഥിതനെങ്കില്‍ ഭദ്രകാളീ ഭജനവും പതിവായി നടത്തുക. പൊതുവായ സൗഖ്യം, ആരോഗ്യം, ആയുര്‍ദ്ദോഷശാന്തി എന്നിവ ഇതുമൂലം കൈവരുന്നു. ധനപരമായ ഉയര്‍ച്ച, മംഗല്യസിദ്ധി എന്നിവയ്ക്ക്‌ ശുക്രപ്രീതികര്‍മങ്ങള്‍, ശുക്രപൂജ, മഹാലക്ഷ്മീ ഭജനം എന്നിവ ഫലപ്രദം. രോഗശാന്തി, സഹോദരസൗഖ്യം എന്നിത്യാദികള്‍ക്ക്‌ ബുധപ്രീതിയും ശ്രീകൃഷ്ണഭജനവും ഫലപ്രദമാണ്‌. മാതൃസൗഖ്യം കുടുംബസുഖം, വാഹനലാഭം എന്നിത്യാദികള്‍ക്ക്‌ ചന്ദ്രനെ പ്രീതിപ്പെടുത്തുക. ജാതകത്തില്‍ ചന്ദ്രന്‌ പക്ഷബലമുണ്ടെങ്കില്‍ ദുര്‍ഗ്ഗാഭജനവും പക്ഷബലമില്ലെങ്കില്‍ ഭദ്രകാളീഭജനവുമാണുവേണ്ടത്‌. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്ക്‌ ആദിത്യഭജനം, ആദിത്യപൂജ എന്നിവയും ശിവക്ഷേത്രദര്‍ശനവും ഫലപ്രദം. പൊതുവായ ഐശ്വര്യം, ഭാഗ്യ പുഷ്ടി എന്നിവയ്ക്ക്‌ ഇവര്‍ ജന്മനക്ഷത്രം തോറും വിഷ്ണുപൂജ നടത്തുകയും പതിവായി വിഷ്ണുസഹസ്രനാമം ജപിക്കുകയും ചെയ്യുന്നത്‌ ഉത്തമമാണ്‌. ഈ രാശിജാതര്‍ക്ക്‌ പൊതുവെ തൊഴില്‍ ലഭ്യതയ്ക്ക്‌ താമസം നേരിടാം. ആയതിനു പരിഹാരമായി ശനീശ്വരപൂജ, ശാസ്താഭജനം എന്നിവ നടത്തുക. ഇതുമൂലം ബിസിനസില്‍ ലാഭാനുഭവങ്ങളും വര്‍ദ്ധിക്കും.പവിഴം, മാണിക്യം, മഞ്ഞപുഷ്യരാഗം, മുത്ത്‌ തുടങ്ങിയ രത്നങ്ങള്‍ ഇവര്‍ക്ക്‌ ധരിക്കാം. പവിഴധാരണം പൊതുവായ സൗഖ്യം, ആരോഗ്യം എന്നിവയും മാണിക്യധാരണം സന്താനസൗഖ്യം, മനോബലം എന്നിവയും മഞ്ഞ പുഷ്യരാഗധാരണം ഭാഗ്യപുഷ്ടിയും മുത്തിന്റെ ധാരണം കുടുംബസൗഖ്യവും പ്രദാനംചെയ്യും. ചൊവ്വ, ഞായര്‍, തിങ്കള്‍, വ്യാഴം എന്നിവ അനുകൂലദിനങ്ങളും ചുവപ്പ്‌, മഞ്ഞ, വെള്ള എന്നിവ അനുകൂല നിറങ്ങളുമാണ്‌. വിശാഖം അവസാന പാദം, അനിഴം, കേട്ട എന്നിവ പ്രതികൂല നക്ഷത്രങ്ങളായതിനാല്‍ അവ ശുഭകര്‍മങ്ങള്‍ക്ക്‌ വര്‍ജിക്കുക.

No comments:

Post a Comment